ബെല്ലും ബ്രേക്കും ഇല്ലാത്ത
കുരുത്തം കെട്ട ചിന്തകള്‍..

ഇടിച്ചു നാശമാക്കേണ്ട എന്നാണെങ്കില്‍
വഴി മാറി നിന്നോ...

3010

വളരെ അധികം യാതനകള്‍ നിറഞ്ഞ ഒരു ജീവിതമായിരുന്നു അന്ന് കാലത്തെ ജനങ്ങള്‍ നയിച്ചത് എന്ന് വേണം കരുതാന്‍. വ്യാവസായികമായും സാംസ്കാരികമായും യാതൊരു വളര്‍ച്ചയും ഇല്ലാത്ത ഒരു ജനതതിയായിരുന്നു രണ്ടായിരങ്ങളില്‍ ജീവിച്ചു വന്നത്. അന്ന് കാലത്ത് പരസ്പരം ആശയങ്ങളോ സംഭാഷണങ്ങളോ കൈമാറാന്‍ തുലോം പരിമിതമായ സംവിധാനങ്ങളേ ഉണ്ടായിരുന്നുള്ളൂ.

മിക്കവാറും ആളുകള്‍ ദൂരങ്ങളില്‍ പരസ്പരം കാണാതെയും ബന്ധപ്പെടാതെയും ജീവിച്ചു പോന്നു. അഥവാ അത്രയും ദൂരം യാത്ര ചെയ്തു പരസ്പരം ഭൌതികമായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു അവര്‍. ഫോട്ടോഗ്രഫി, ടെലിവിഷന്‍, ഇന്‍റെര്‍ നെറ്റ് തുടങ്ങി വളരെ പ്രാകൃതമായ സംവിധാനങ്ങളേ അന്ന് നിലവില്‍ ഉണ്ടായിരുന്നുള്ളൂ. virtual എന്ന ആശയം തന്നെ വളരെ പ്രാകൃതമായ ഒരു അവസ്ഥയില്‍ ആയിരുന്നു എന്ന് സാരം. യാത്ര എന്നത് അന്നത്തെ ഒരു പ്രധാന പരിപാടി ആയിരുന്നു.

ഒരു സഞ്ചരിക്കുന്ന കുടസ്സു പെട്ടിയില്‍ നൂറും നൂറ്റമ്പതും പേര്‍ കുത്തി തിരക്കി ഇരുന്നും നിന്നും തൂങ്ങിയും ആണ് യാത്ര ചെയ്തത് . അതിനായി പ്രത്യേകം പാതകള്‍ തന്നെ ഭൂമിയില്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. പാതകള്‍ മാത്രം മൊത്തം ഉപയോഗ ഭൂമിയുടെ മുപ്പതു ശതമാനത്തോളം പാഴാക്കപ്പെട്ടിരുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു. യാത്ര വായുമാര്‍ഗം കടല്‍ മാര്‍ഗം കരമാര്‍ഗം എന്നിങ്ങനെ തിരിച്ചു കൊണ്ടാണ്; വിമാനം , കപ്പല്‍, തീവണ്ടി, ബസ്സ്‌ , കാര്‍, മോട്ടോര്‍ സൈക്കിള്‍ എന്നിങ്ങനെ ഉപകരണങ്ങള്‍ യാത്രക്കായി ഉപയോഗിച്ചിരുന്നതായും ചില രേഖകള്‍ പറയുന്നു.

ഉപകരണങ്ങളുടെ പ്രവര്‍ത്തനം രസകരം ആണ്. പ്രകൃതി വിരുദ്ധമായ പ്രക്രിയകള്‍ ആണ് ഇതിനായി അന്നുള്ളവര്‍ നടത്തിയിരുന്നത്. ഭൂമിക്കടിയില്‍ ഉള്ള നിക്ഷേപങ്ങള്‍ തുരന്നെടുക്കുകയും പ്രത്യേക ചേരുവകള്‍ ഉണ്ടാക്കി അവ നിറക്കുകയും പുകയ്ക്കുകയും ചെയ്ത് ശ്വാസ വായുവിനെ അവര്‍ വിഷ ലിപ്തമാക്കി . അങ്ങനെ സ്വന്തം ജീവിതത്തിനു തന്നെ വില കല്‍പ്പിക്കാത്ത ഒരു പ്രാകൃത ജനതയായിരുന്നു അന്ന് നിലവില്‍ ഉണ്ടായിരുന്നത്.

ജനസംഖ്യ യുടെ മൊത്തം വളര്‍ച്ചയെ കൃത്യമായും നിയന്ത്രിച്ചിരുന്നത് പരസ്പരം കൊന്നും, ഇത് പോലുള്ള മാരക ആശയങ്ങള്‍ നടപ്പാക്കിയും, മറ്റു അപകടങ്ങളിലൂടെയും ഒക്കെ ആയിരുന്നു. സ്വാഭാവിക മൃത്യു വഴിയുള്ള മരണങ്ങള്‍ താരതമ്യേന കുറവായിരുന്നു. രോഗം ബാധിച്ചു മരിക്കുക അന്നുകാലത്തെ സ്വാഭാവിക മരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്ന് ഒരു രേഖയില്‍ കാണുന്നു. അത് ഇത്തിരി അതിശയോക്തി പരമായി തോന്നുമെങ്കിലും മൊത്തം ജീവിത രീതി വച്ച് നോക്കുമ്പോള്‍ അത് സംഭവ്യമാണ്.

പ്രകൃതിയുടെ സന്തുലനാവസ്ഥ തകിടം മറിക്കുക എന്നതായിരുന്നു അന്ന് കാലത്ത് വളരെ പുരോഗമനപരമായി ജനങ്ങള്‍ കണ്ടിരുന്നത്. വികസനം എന്ന ആശയം ഇത്തരം പ്രതിലോമ പരമായ നീക്കങ്ങളിലൂടെ മാത്രമേ അന്നുള്ളവര്‍ ചിന്തിച്ചിരുന്നുള്ളൂ. വളരെ ചുരുക്കം ചിലര്‍ അതിനെ എതിര്‍ത്ത് പോന്നിരുന്നു എന്നുണ്ടെങ്കിലും അതിനു ബദലായി ഒരു യഥാര്‍ത്ഥ പാത വ്യക്തമാക്കാന്‍ അവര്‍ പരാജയപ്പെട്ടു എന്ന് വേണം കരുതാന്‍.

അന്ന് കാലത്തെ ശാസ്ത്ര സാങ്കേതിക വളര്‍ച്ച അത്രയും പരിമിതമായിരുന്നു എന്ന വസ്തുത കൂടി കണക്കില്‍ എടുക്കേണ്ടതുണ്ട്‌. ശാസ്ത്രം അതിന്‍റെ ശൈശവാവസ്ഥയില്‍ ആയിരുന്നു അന്ന് കാലത്ത് എന്നാണെങ്കിലും അത് തന്നെയും ഒരു ചെറിയ വൃത്തത്തിനുള്ളില്‍ ഒതുങ്ങി നിന്നു എന്നത് കൌതുകകരം ആണ്, അതായത്, (പ്രതിലോമകരം എങ്കിലും) ശാസ്ത്രത്തിന്‍റെ ചെറിയ ചെറിയ സൌകര്യങ്ങള്‍ മൊത്തം സ്വീകരിക്കുകയും എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ ചിത്രം എന്തെന്ന് അറിയാതെ ജീവിക്കുകയും ചെയ്തു ഭൂരിഭാഗവും. ഒരേ സമയം ശാസ്ത്രത്തിന്‍റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും അവയുടെ നിര്‍മാണവും പ്രവര്‍ത്തനവും അറിയാതിരിക്കുകയും അതിനു പിന്നിലുള്ള ശാസ്ത്രീയ നിയമങ്ങളെക്കുറിച്ച് അജ്ഞര്‍ ആവുകയും ചെയ്തു അവര്‍.

ഭൂരിഭാഗം ജനങ്ങളും ഇങ്ങനെ വിദ്യാഭ്യാസം ഇല്ലാത്തവര്‍ ആയതു കൊണ്ട് മൊത്തം ജനതയുടെ ഇരുളിലേക്കുള്ള പോക്ക് ആരും അറിയാതിരുന്നു. അത് തന്നെ ആയിരുന്നു പ്രശ്നവും. വിദ്യാഭ്യാസം, വിവേകം, സ്വതന്ത്ര ചിന്ത എന്നിവ എല്ലായിടത്തും സമമായി ഇരിക്കുന്ന ഒരു സമൂഹം അല്ലായിരുന്നു അന്ന് നിലവില്‍ ഉണ്ടായിരുന്നത്. എല്ലാ കാര്യങ്ങളും ഓരോരോ ഇടങ്ങളില്‍ അധികമായും ചില ഇടങ്ങളില്‍ തീരെ ഇല്ലാതെയും ഒക്കെ നിലകൊണ്ടിരുന്ന തീര്‍ത്തും അസന്തുലിതമായ അത്തരം ഒരു കാലാവസ്ഥയില്‍ മൊത്തം സംസ്കാരത്തിന്‍റെ നാശം അല്ലാതെ മറ്റൊന്ന് പ്രതീക്ഷിക്കുന്നതാണല്ലോ വിഡ്ഢിത്തം.