
ഈ അടുത്ത ദിവസങ്ങളില്‍ ആയാണ് എന്റെ ഒരു സുഹൃത്ത് ഫേസ് ബുക്കില്‍ ഞങ്ങളുടെ പത്താം തരം ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തത്. അത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലെ ഫോട്ടോ ആയിരുന്നു. എന്ന് വച്ചാല്‍ രണ്ടു ദശാബ്ദം മുന്‍പിലത്തെ . ഓര്‍മ്മകള്‍ക്ക് പക്ഷെ അത്ര പഴക്കം കാണുന്നില്ല. (കൂടെ പഠിച്ച കുട്ടികളില്‍ പലരുടെയും പേര് തന്നെ ഓര്‍മ്മയില്‍ ഇല്ല എങ്കിലും)
അരികുകള്‍ മഞ്ഞച്ച ആ ഫോട്ടോയുടെ ഏറ്റവും അരികില്‍ പുറത്തേയ്ക്ക് തെറിച്ചു പോകാന്‍ സന്നദ്ധനായി നില്ക്കുന്ന എന്നെ ഞാന്‍ കണ്ടെത്തി.
എന്റെ മനസ്സ് വായിക്കാന്‍ ശ്രമിച്ചു നോക്കി. പഴയ എന്നില്‍ നിന്നും ഇന്നത്തെ ഞാന്‍ എത്രത്തോളം മാറിയിട്ടുണ്ട്? അത്രയ്ക്ക് വലിയ അന്തരം ഉണ്ട് എന്ന് തോന്നുന്നില്ല. ഈ ലോകം ശരിയല്ല, ശരിയേയല്ല എന്ന ചിന്ത ഇപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടല്ലോ. പക്ഷെ ഞാന്‍ അത് ശരിയാക്കിയിരിക്കും എന്ന ഒരു അതി വിപ്ലവ ചിന്ത അന്നത്തെ എന്നില്‍ ലീനമായിരുന്നു എന്ന് തോന്നുന്നു. ഇന്നത്തെ ഞാന്‍ അതൊക്കെ എന്നേ പിറകില്‍ ഉപേക്ഷിച്ച സാത്വികന് !!
ഈ ലോകം എന്നെ കാത്തു കിടക്കുകയാണ് എന്നും, ഞാന്‍ ഒരു രക്ഷകനായി അവതരിച്ചിരിക്കുന്നു എന്നും ഒക്കെ ഉള്ള മനോഹര കാല്‍പ്പനിക ചിന്തകള്‍ ഭരിക്കുന്ന ഒരു മുഖം. ഒരു പക്ഷെ നിങ്ങള്‍ക്കു ആ മങ്ങിയ മുഖത്തില്‍ ഇതൊന്നും വായിച്ചെടുക്കാന്‍ പറ്റി എന്ന് വരില്ല.
ആത്മാര്‍ഥതയുടെ ആ മഞ്ഞു കട്ട പിന്നീട് എപ്പോഴാവണം ഉരുകി ജലമായി പിന്നെയും ഉരുകി ആവിയായി എന്റെ കണ്ണുകളിലൂടെ ചോര്‍ന്നു പോയത്?
ഇതൊക്കെയാവണം അനുഭവത്തിന്റെ വെളിച്ചം എന്ന് പറയുന്നത് അല്ലെ? ആ വെളിച്ചത്തിന്റെ മഞ്ഞളിപ്പില്‍ പാതി കൂമ്പിയ കണ്ണുകളുമായിട്ടാണ് ഇപ്പൊ എന്റെ നടപ്പ്!!
-------